തിണകൾ - സംഘകാലഘട്ടം
സംഘകാലഘട്ടത്തിൽ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായി] വിവിധ മേഖലകളായി തരം തിരിച്ചിരുന്നു. ഈ മേഖലകൾ ആണ് പൊതുവായി തിണ എന്ന് അറിയപ്പെടുന്നത്. കുറിഞ്ഞിത്തിണ, പാലത്തിണ, മുല്ലൈത്തിണ, മരുതംതിണ, നെയ്തൽത്തിണ എന്നിവയാണ് വിവിധ തിണകൾ
കുറിഞ്ഞിത്തിണ
വനമേഖലയ്ക്ക് അടുത്തുള്ള മലകളും കാടുകളും ഉൾപ്പെട്ടിരുന്ന സ്ഥലങ്ങൾ കുറിഞ്ഞിത്തിണകൾ . കുറിഞ്ചി എന്നാൽ തമിഴിൽ മല എന്നാണർത്ഥം. കുറിഞ്ഞിപ്പൂവും മുരുകനുമാണ് കുറിഞ്ഞിത്തിണയുടെ ഛിഹ്നങ്ങളായി സംഘകാലസാഹിത്യത്തിൽ കണക്കാക്കപ്പെട്ടിരുന്നത്. ദേവനെ മലമുകളിലാണ് പ്രതിഷ്ഠിച്ചിരുന്നത്. ഉത്സവങ്ങളും പൂജയും വഴിപാടും ചെയ്തിരുന്നു. മുരുകൻ എന്ന പേരിൽ ആഫ്രിക്കയിലും ഒരു ദൈവത്തെ ആരാധിക്കുന്നു എന്നത് ഈ പ്രദേശത്തുകാർ ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഏറ്റവും ആദികാല ജനങ്ങൾ ആണ് എന്ന് ചിലർ വിശ്വസിക്കുന്നു.
ഈ പ്രദേശത്തെ ജനങ്ങളുടെ ഉപജീവനമാർഗ്ഗം വനങ്ങളിൽ നിന്നും ലഭിക്കുന്ന ദ്രവ്യങ്ങളുടെ ശേഖരണവും, തിന, മുളനെല്ല്, ഇഞ്ചി, വാഴ, മരമഞ്ഞൾഎന്നിവയുടെ കൃഷിയും മൃഗവേട്ടയും മറ്റുമായിരുന്നു. കുറിഞ്ചിത്തിണയിലെ നാട്ടുപ്രമാണിമാർ ‘വെപ്പന്മാർ‘, ‘നാടൻ‘ എന്നെല്ലാമാണ് വിവക്ഷിക്കപ്പെട്ടിരുന്നത്. പുരോഹിതനും മന്ത്രവാദിയുമായ ആളെ വേലൻ എന്നാണ് വിളിച്ചിരുന്നത്
. പാലത്തിണ
മലകളിൽ തന്നെ ജലദൗർലഭ്യമുള്ള പ്രദേശങ്ങളാണ് പാലത്തിണകൾ. പാലമരങ്ങൾ (കുരട്ടുപാല, കൊടിപ്പാല, ഉലക്കപ്പാല, ഏഴിലം
പാല എന്നിവ) ധാരാളം ഉണ്ടായിരുന്നതിനാലാണ് പേരുവന്നത്. വന്യമൃഗങ്ങളും ധാരാളം ഉണ്ടായിരുന്നു. പലൈ എന്നാൽ തമിഴിൽ മരുഭൂമി എന്നർത്ഥമുണ്ട്]. ഇവിടെ ജീവിച്ചിരുന്നവർ മറവർ എന്നറിയപ്പെട്ടിരുന്നു. അവർക്ക് മൃഗവേട്ടയും, ആനക്കൊമ്പ്, പുലിപ്പല്ല്, പുലിത്തോൽ തുടങ്ങിയവയുടെ വ്യാപാരവുമായിരുന്നു ഉപജീവനമാർഗ്ഗം. കള്ളന്മാരും കൊള്ളക്കാരും ഇവരിൽ ധാരാളം ഉണ്ടായിരുന്നു. കാമുകീ കാമുകന്മാരായി ഒളിച്ചോടുന്നതും സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടു പോകുന്നതും പാലത്തിണയിൽ പതിവായിരുന്നുവത്രേ. കള്ള് തുടങ്ങിയ ലഹരി പദാർത്ഥങ്ങളും മാംസാഹാരവും ഇവിടത്തുകാർ ഉപയോഗിച്ചിരുന്നു. മറവർക്ക് വേണ്ടത്ര ജീവിത സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മഴ ഒരു വലിയ പ്രശ്നമായിരുന്നു എന്നും മഴയുള്ളതിന്നാൽ മഴനാട് എന്നും നാട്ടുകാരെ മഴവർ എന്നു വിളിക്കാൻ കാരണം അതാണ് എന്നും മറ്റു ചില സംഘകാലകൃതികളിൽ കാണുന്നു. ഈ നാടിന് കുറിച്ചി എന്നും പേരുണ്ടായിരുന്നു. കുറിച്യർ എന്ന ജാതിപ്പേര് പിന്നീട് ജാതിവ്യവസ്ഥ ഉടലെടുത്തകാലത്ത് ആ ഗ്രാമീണർക്ക് നൽകപ്പെട്ടതാണത്രേ.
കൊറ്റവൈ എന്ന രണദേവതയായിരുന്നു മറവരുടെ ദൈവം. കൊറ്റവൈ എന്ന ദേവതയാണ് കൊടുങ്ങല്ലൂരിലെ യഥാർത്ഥ പ്രതിഷ്ഠ എന്നും ആര്യാധിനിവേശ കാലത്ത് അതിനെ ആര്യവത്കരിച്ച് ഭദ്രകാളിയാക്കിയതാണ് എന്നും ഒരു പക്ഷമുണ്ട്. പാലത്തിണക്കാർക്ക് ‘വേട്ടുവ വരി’ ‘തുണങ്കക്കൂത്ത്’ എന്നിങ്ങനെയുള്ള നൃത്തരൂപങ്ങൾ ഉണ്ടായിരുന്നു എന്നും ചേര രാജാക്കന്മാർ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും ചില ചക്രവർത്തിമാർ അത് ആടിയതായും കവിതകളിൽ പറയുന്നു.
മുല്ലൈത്തിണ
ചെറിയ കുന്നുകളും കുറ്റിക്കാടുകളും നിറഞ്ഞ മലയോരങ്ങൾ മുല്ലൈത്തിണ എന്നാണ് വിവക്ഷിക്കപ്പെട്ടിരുന്നത്. മുല്ലകൾ ഈ പ്രദേശത്ത് ധാരാളമായി വളർന്നിരുന്നുവത്രേ. മുല്ലൈ എന്നാൽ തമിഴിൽ കാട് എന്നർത്ഥമുണ്ട്. മുല്ലൈത്തിണ കടലിനും മലയ്ക്കും ഇടയിലുള്ള സ്ഥലമായതിനാൽ ‘ഇടനാട്’ എന്നും അറിയപ്പെട്ടിരുന്നു. ഇടനാട്ടിലെ ജനങ്ങൾ ഇടയർ എന്നും വിവക്ഷിക്കപ്പെട്ടിരുന്നു. അമര, തുവര, മുതിര, തുടങ്ങിയ പയർ വർഗ്ഗങ്ങൾ കൃഷി ചെയ്യുന്നതിൽ അവർ സമർത്ഥരായിരുന്നു. ഇടയദേവതയായ മായോൻ ആയിരുന്നു അവരുടെ ദൈവം. കാലികളെ ഉപയോഗിച്ച് കൃഷി ചെയ്യലും ഇവിടുത്തെ ജനങ്ങൾ ചെയ്തിരുന്നുവത്രേ.
മരുതംതിണ
ഏറ്റവും വളക്കൂറുള്ള പ്രദേശങ്ങൾ ആണ് മരുതംതിണ എന്നറിയപ്പെട്ടിരുന്നത്. തമിഴിൽ മരുതം എന്നാൽ കൃഷിഭൂമി എന്നാണർത്ഥം[4]. പുഴകളും തോപ്പുകളും നിറഞ്ഞ സമതല പ്രദേശങ്ങൾ, ആമ്പലും താമരയും നിറഞ്ഞ പൊയ്കകൾ, നെല്പാടങ്ങൾ എന്നിവ മരുതം തിണയുടെ പ്രത്യേകതകളാണ്. മരുത നാട്ടുകാർ വെള്ളാളർ എന്നും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ഉഴുന്നതിനാൽ ഉഴവർ എന്നും അറിയപ്പെട്ടിരുന്നു. . ഏറ്റവും സമ്പന്നമായ ഭൂപ്രദേശമായിരുന്നുവത്രേ ഇത്. വേന്തനായിരുന്നു കുല ദൈവം. വെള്ളാളർ ആര്യാധിനിവേശകാലത്ത് നമ്പൂതിരിമാരെ അനൂകൂലിച്ചതിനാൽ അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിച്ചുവത്രേ. എന്നാൽ ഉഴവർ അവരുടെ ആചാരങ്ങളെ അടിയറ വയ്ക്കാൻ തയ്യാറാവാത്തതിനാൽ പ്രതിരോധം ചെലുത്തിയ മറ്റു ഗോത്രങ്ങൾക്കൊപ്പം അധഃകൃതരാക്കപ്പെട്ടു.
നെയ്തൽത്തിണ
നെയ്തൽത്തിണ തീരപ്രദേശമാണ്. നെയ്തൽ എന്ന വാക്കിന്റെ അർത്ഥം സമുദ്രം എന്നാണ്. കടലും അതിന്റെ തീരത്തോട് അടുത്ത പ്രദേശങ്ങളും ആണ് ഈ പേരിൽ വിവക്ഷിക്കപ്പെട്ടിരുന്നത്. ഏറ്റവും കൂടുതൽ ജനസംഖ്യ ഈ പ്രദേശത്തായിരുന്നു. മത്സ്യ ബന്ധനവും വ്യാപാരവും ഇവർ നടത്തിവന്നു. കടലിൽ നിന്നു ഉള്ളിലേക്ക് പ്രവേശിക്കുന്ന അഴിമുഖങ്ങളിൽ വലിയ കപ്പലുകൾ അടുത്തിരുന്നു. വ്യാപാരം മൂലം ജനജീവിതം സമ്പന്നമായിരുന്നു. തുറമുഖപട്ടണങ്ങൾ, പണ്ടകശാലകൾ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. നാട്ടുകാരെ പരതർ (പരതവർ) എന്നാണ് വിളിച്ഛിരുന്നത്. വരുണൻഅല്ലെങ്കിൽ ജലദേവൻ ആയിരുർന്നു അവരുടെ ദേവൻ
JYOTHISH.S